2013, ജൂൺ 8, ശനിയാഴ്‌ച

ആത്മഗദം



ആഴിയിൽ മുങ്ങിമരിച്ച
വെളിച്ചമാണിന്നു സൂര്യൻ

കരയുടെ വിരഹം നെഞ്ചിലേറ്റിയ തിരകൾ
തിരികെവരാൻ വെമ്പുന്നു

ചിരിമാഞ്ഞ സന്ധ്യകൾക്കൊടുവിൽ
തടഞ്ഞു വച്ച കണ്ണുനീർ ഒഴുകി പരന്നു

ഓരോ മറവിയും
ചിതലരിച്ച നിഘണ്ടുവിലെ താളുകളാണ്
അർത്ഥമറിയാത്ത അക്ഷരങ്ങൾ
വാക്കുകളോട് ചേർന്ന് ആശയം നഷ്ടപെടുത്തുന്നു

പിന്നിലേക്ക് നടന്നാൽ
നഷ്ടങ്ങളൊന്നും തിരികെ നൽകാത്തവനാണ് കാലം

ഓർമകളിലേക്ക് തിരികെപോകാൻ
ഏകാന്തത കൂട്ടുവരുന്നു

മനസ്സിന്റെ കുമ്പസാരം
വാക്കുകൾ ഏറ്റെടുക്കുന്നു

എനിക്ക് വെറുപ്പ് തോന്നുന്നു
എന്നോട് തന്നെ സംസാരിച്ചിരിക്കാൻ

വേദന


ഒടുവിൽ നീയും
ഒരു തീ നാളമായ് ആളിപടരും

താപശരമേൽക്കാതിരിക്കാൻ
നീ തീർത്ത നിന്റെ കവച കുണ്ഡലത്തിൽ
ദ്വാരം വീണിരിക്കുന്നു
തീപന്തങ്ങളുടെ ചൂടേറ്റ്

നിന്റെ വൃക്ഷകയ്യ്കൾ കരിഞ്ഞു വീഴും
നിന്റെ മാറിടം ഇരുമ്പ് കയ്യാൽ പറിച്ചെടുക്കും

നിന്റെ കണ്ണുനീർ ഗർത്തങ്ങൾ
അഗ്നിസ്പർ ശത്താൽ ആവിയാകും

നിന്റെ വിയർപ്പുഗ്രന്ഥികൾ
കോണ്ക്രീറ്റ് പുതപ്പാൽ മൂടപ്പെടും

നീയറിഞ്ഞോ...?
ഇപ്പോൾ മഴ മേഘങ്ങൾ നിന്നെകുറിച്ചോർത്ത്
കണ്ണീർ പൊഴിക്കാൻ ഇത് വഴി വരാറില്ല

ഇത് നിന്റെ വിധിയാണ്
നീ പ്രസവിച്ച നിന്റെ ക്രൂര വിധി
തിരിഞ്ഞുനോക്കാൻ ഇഷ്ടപെടാത്ത
നിന്റെ സന്തതികൾ
നിനക്കായ് കരുതിവച്ച ചിതയാണിത്

അമ്മേ മാപ്പ് .......
നിന്നിലൊരു തീ നാളമായ്
അലിഞ്ഞു ചെരാനെ എനിക്കും കഴിയു

നിര്‍വൃതി


എനിക്കറിയില്ല
മേഘങ്ങളുടെ കണ്ണുനീര്‍
എപ്പോഴാണ്
ഭൂമി കുടിച്ചു വറ്റിക്കുന്നത്
ആ നിമിഷത്തിന്റെ നിര്‍വ്രിതിയില്‍
എവിടെയോ
ഒരു പുല്‍നാമ്പ് മുളപൊട്ടിയേക്കാം...........